ന്യൂദല്‍ഹി: 2G സ്‌പെകട്രം വിതരണത്തില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നീരാ റാഡിയയെ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ദല്‍ഹിയും മുംബൈയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് റിലേഷന്‍-കമ്മ്യൂണിക്കേഷന്‍ ശൃംഖലകളുടെ നടത്തിപ്പുകാരിയാണ് നീര.

സ്‌പെക്ട്രം വിതരണത്തില്‍ മുന്‍കേന്ദ്രമന്ത്രി എ രാജ അടക്കമുള്ള പലപ്രമുഖരുമായും ഫോണില്‍ ബന്ധപ്പെട്ടതിന്റെ ടേപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ചോദ്യംചെയ്യലോടെ ഏതെല്ലാം കമ്പനികള്‍ക്ക് അനധികൃതമായി സ്‌പെക്ട്രം ലഭിച്ചു എന്നത് വ്യക്തമാകുമെന്നാണ് സൂചന.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകളും എം പിയുമായ കനിമൊഴി, എന്‍ ഡി ടി വിയിലെ ബര്‍ക്ക ദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസിലെ വീര്‍ സാംഗ്വി എന്നിവരുമായി നീര നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ് വിവാദമായിരുന്നു.