ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകളും ഡി.എം.കെ എം.പി യുമായ കനിമൊഴിയുടെ വാദം സി.ബി.ഐ കോടതിയില്‍ പൂര്‍ത്തിയായി. കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത് കുമാറിന്റെ വാദം ആരംഭിച്ചു.

കനിമൊഴി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജെത് മലാനി വാദിച്ചു. കമ്പനിനിയമപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് കനിമൊഴി ചെയ്തതെന്നും ഓഹരി ഉടമയായതുകൊണ്ട് എല്ലാ ഇടപാടുകളിലും പങ്കാളിയാകണമെന്നില്ലെന്നും രാംജെത് മലാനി കോടതിയില്‍ വ്യക്തമാക്കി. . .കലൈഞ്ജര്‍ ടി.വിയില്‍ വെറും 20 ശതമാനം ഓഹരിയാണ് കനിമൊഴിക്കുള്ളത്. എന്നുവെച്ച് അവര്‍ അഴിമതിക്കാരിയാണെന്ന വാദം ശരിയല്ല. മാത്രവുമല്ല, ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളിലൊന്നുംതന്നെ കനിമൊഴി ഒപ്പുവെച്ചിട്ടില്ലെന്നും മലാനി പറഞ്ഞു.

ഇവരുടെ വാദത്തിനുശേഷം സി.ബി.ഐ യുടെ അഭിഭാഷകന്‍ യു.യു.ലളിതിന്റെ വാദം ആരംഭിക്കും. നേരത്തേ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ കനിമൊഴിയുള്‍പ്പടെ അഞ്ചുപേരെ പ്രതിചേര്‍ത്തിരുന്നു.

എന്നാല്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. അതേസമയം കലൈജ്ഞര്‍ ടി വി എം.ഡി ശരത് കുമാറിന്റെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്‌പെക്ട്രം കരാര്‍ വഴിവിട്ടു നല്‍കാനുള്ള ഗൂഡാലോചനയില്‍ കനിമൊഴിയും പങ്കാളിയായിട്ടുണ്ടെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.