ചെന്നൈ: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എം.പിയും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴിയെ സി.ബി.ഐ ചോദ്യം ചെയ്തു. ചെന്നൈയില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍

കനിമൊഴിയുടെ വളര്‍ത്തമ്മ ദയാലു അമ്മാളിനേയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. സ്വാന്‍ ടെലികോം പ്രമോട്ടറായ ഷഹീദ് ബല്‍വയുടെ ഡി.ബി റിയല്‍റ്റേര്‍സുമായി കനിമൊഴിക്കുള്ള ബന്ധമാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്.

ഡി.ബി റിയല്‍റ്റേര്‍സ് കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈജ്ഞര്‍ ടി. വിക്ക് 200 കോടി അനധികൃതമായി കൈമാറിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കനിമൊഴിക്ക് കലൈജ്ഞര്‍ ടി.വിയില്‍ 20 ശതമാനം പങ്കാളിത്തമുണ്ട്.

എന്നാല്‍ 200 കോടി സിനിയുഗില്‍ നിന്നും ലോണായിട്ടാണ് വാങ്ങിയതെന്നാണ് ടി.വി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആഴ്ച്ചകള്‍ക്ക് മുമ്പ് സി.ബി.ഐ കലൈജ്ഞര്‍ ടി.വി ഓഫീസില്‍ റെയ്ഡ് നടത്തുകയും നിര്‍ണായക രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദയാലു അമ്മാളിന് ടി.വിയില്‍ ആറുശതമാനം പങ്കാളിത്തം മാത്രമേ ഉള്ളൂ.

കനിമൊഴിയേയും ദയാലു അമ്മാളിനേയും ഉടനേ ചോദ്യംചെയ്യാന്‍ സാധ്യതയുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു.