ന്യൂദല്‍ഹി:  പുതിയ 2 ജി ലേലത്തില്‍ പങ്കെടുക്കാത്ത ടെലികോം കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ടാറ്റ ടെലി സര്‍വീസ്, ടെലിനോര്‍ എന്നീ വമ്പനികള്‍ക്കാണ് ഉത്തരവ് ബാധകമാകുക.

Ads By Google

2012 ഫെബ്രുവരി 2ന് 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ വിതരണം ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2008ല്‍ നടന്ന 2ജി ലേലത്തില്‍ വന്‍ അഴിമതി നടന്നെന്ന സിഎജി കണ്ടെത്തലിനെ തുടര്‍ന്നാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്. 1.76ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്.

അതേസമയം, 2 ജി. സ്‌പെക്ട്രം ഇടപാട് നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം വിചാരണ നടക്കുന്ന പ്രത്യേകകോടതിയുടെ പരിഗണനയ്ക്കായി വിട്ടു.

2 ജി. കേസിന്റെ മേല്‍നോട്ടത്തിന് സുപ്രീംകോടതിയെ സഹായിക്കാന്‍ പ്രത്യേകാന്വേഷണസംഘം വേണമെന്ന ആവശ്യം തള്ളുകയും ചെയ്തു.

കേസന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ സഹായിക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും മുഖ്യവിജിലന്‍സ് കമ്മീഷണറെയും സുപ്രീംകോടതി ചുമതലപ്പെടുത്തി. ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവുകള്‍.

2 ജി സ്‌പെക്ട്രം കേസില്‍ ആരോപണ വിധേയനായ യുനീടെക്കിന്റെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്രയെ സി.ബി.ഐയുടെ അഭിഭാഷകന്‍ എ കെ സിങ് സഹായിച്ചതായി കഴിഞ്ഞ ദിവസം ആരോപണം വന്നിരുന്നു.

തുടര്‍ന്ന് കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് എ.കെ സിങ്ങിനെ നീക്കിയിരുന്നു. സഞ്ജയ് ചന്ദ്രയെന്ന് കരുതുന്നയാളുമായി സിങ് ടെലിഫോണില്‍ സംസാരിച്ചതിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസമാണ് സി.എന്‍.എന്‍ ചാനല്‍ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു.