ന്യുദല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതിയും സ്വജന പക്ഷപാതവും കണ്ട് ജനം നിയമം കയ്യിലെടുത്താല്‍ അത്ഭുതപ്പെടാനില്ലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്നതാണ് 2ജി സ്‌പെക്ട്രം അഴിമതി. നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനു ശിക്ഷ ലഭിക്കാന്‍ 40 വര്‍ഷം വൈകിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി.

അഴിമതിയുടെ മാതാവെന്ന് സ്‌പെക്ട്രം കുംഭകോണത്തെ വിശേഷിപ്പിക്കാമെന്നും ജസ്റ്റിസുമാരായ ജി.എസ് സിങ് വി, എ.കെ ഗാംഗുലി എന്നിവര്‍ അഭിപ്രായപ്പെട്ടു.

അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ നടത്താനുള്ള അവസരം നല്‍കണം. അന്വേഷണം നല്ല നിലയില്‍ നടത്തുന്നതിലോ കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്നതിലോ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നിലോ സര്‍ക്കാരിന് ശ്രദ്ധയില്ല. അഴിമതിയും കെടുകാര്യസ്ഥതയും നിയമപരിപാലനം അരങ്ങു തകര്‍ക്കുമ്പോള്‍ നീതിക്കായി ജനങ്ങള്‍ എവിടെ പോകുമെന്ന് കോടതി ചോദിച്ചു. ഈ അവസ്ഥയില്‍ ജനം നിയമം കൈയ്യിലെടുത്താലും അത്ഭുതപ്പെടാനില്ല.

താഴെത്തട്ടുമുതല്‍ അഴിമതി തുടങ്ങുന്നുണ്ട്. ഉദ്യോഗസ്ഥന്റെ നിയമനം മുതല്‍ ഇത് തുടങ്ങുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സ്‌പെക്രടം അഴിമതിക്കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സുപ്രീം കോടതി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഈ പരാമര്‍ശം.