ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. സ്‌പെക്ട്രം വിതരണം ചെയ്യുന്നതിനായി നിയമമന്ത്രാലയം നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ആദ്യം വരുന്നവര്‍ക്ക് ആദ്യം പരിഗണന എന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. സ്‌പെക്ട്രം ഇടപാടിലൂടെ ചില കമ്പനികള്‍ മാത്രമാണ് ലാഭമുണ്ടായത്. യോഗ്യരല്ലാത്തവര്‍ക്ക് സ്‌പെക്ട്രം അനുവദിച്ച ടെലകോം വകുപ്പ് നിയമമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ 2G വിഷയത്തില്‍ സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ന് ഉച്ചക്കുശേഷം സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്.