ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതി പ്രശ്‌നത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഫോണ്‍കോള്‍. പ്രതിപക്ഷ അംഗങ്ങളായ എല്‍.കെ അഡ്വാനി, സുഷമ സ്വരാജ് തുടങ്ങിയവരെയാണ് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രണബ് നേരിട്ട് വിളിച്ചത്.

വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ഏര്‍പ്പെടുത്താമെന്നും പ്രണബ് വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം എന്നകാര്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.

പ്രതിപക്ഷ ബഹളം മൂലം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചശേഷം ഇതുവരെ സഭാനടപടികള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനായിട്ടില്ല. നേരത്തെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.