Categories

Headlines

സ്‌പെക്ട്രം:രാജ സി.ബി.ഐയ്ക്ക് മുമ്പാകെ ഹാജരായി

ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമിതയുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജ സി.ബി.ഐയ്ക്ക് മുമ്പാകെ ഹാജരായി. രാജയെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്.‌

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് രാജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 10.30ന് രാജ സി.ബി.ഐ ഓഫീസില്‍ ഹാജരാവുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ രാജയുടെ വീടുകള്‍ സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു. ന്യൂദല്‍ഹിയിലെയും ചെന്നൈയിലേയും വീടുകളാണ് സി.ബി.ഐ റെയ്ഡ് ചെയ്തത്. റെയ്ഡിനെ തുടര്‍ന്നാണ് സി.ബി.ഐ രാജയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

അതേസമയം,സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് രാജ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോകാന്‍ തയ്യാറാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നവംബറിലാണ് രാജ മന്ത്രിസ്ഥാനം രാജിവച്ചത്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് 1.76ലക്ഷം കോടിരൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കി എന്ന സി.എ.ജി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇതിനു പിന്നിലെ വന്‍ അഴിമതി പുറത്തായത്.

അതേസമയം, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടന്നു. കല്‍മാഡിയുടെ ദല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വീടുകളാണ് റെയ്ഡ് ചെയ്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.