ന്യൂദല്‍ഹി: അനില്‍ അംബാനിക്കെതിരെ അന്വേഷണം നടക്കുന്നതായി സി.ബി.ഐ കോടതിയെ അറിയിച്ചു. 2 ജി സ്‌പെക്ട്രം ഇടപാടിലാണ് അനില്‍ അംബാനിക്കെതിരെ അന്വേഷണം നടക്കുന്നതെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. 2 ജി സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോമിന്റെ ഓഹരികള്‍ മൗറീഷ്യസ് ആസ്ഥാനമായ കമ്പനിക്ക് വില കുറച്ചു വിറ്റതിലാണ് അനില്‍ അംബാനിക്കെതിരെ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

സ്വാന്‍ ടെലികോം റിലയന്‍സിന്റെ ബിനാമി സ്ഥാപനമായിരുന്നുവെന്ന് നേരത്തേ സി.ബി.ഐ. കണ്ടെത്തിയിരുന്നു. നിലവില്‍ മൊബൈല്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് അതേ സര്‍ക്കിളില്‍ പുതിയ ലൈസന്‍സ് നല്‍കില്ലെന്ന വ്യവസ്ഥ മറികടക്കാനാണ് ‘സ്വാന്‍ ടെലികോം’ എന്ന പേരില്‍ കമ്പനിയുണ്ടാക്കി ലേലത്തില്‍ പങ്കെടുത്തത്. ഇതിന്റെ ലാഭം ലഭിക്കുന്നത് അനില്‍ അംബാനിക്കാണോയെന്നും സി.ബി.ഐ. സംശയിക്കുന്നു.

2 ജി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റു ചെയ്ത അനില്‍ അംബാനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൗതം ദോഷി, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ സുരേന്ദ്ര പിപ്പാറ, ഹരി നായര്‍ എന്നിവര്‍ മാപ്പുസാക്ഷികളായേക്കുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ദയാനിധി മാരനിലേക്കും അനില്‍ അംബാനിയിലേക്കും അന്വേഷണം നീളുന്നതോടെ 2 ജി സ്‌പെക്ട്രം കേസില്‍ കൂടുതല്‍ ഉന്നതര്‍ വലയിലാവുകയാണ്. കേസില്‍ വാദം ഒക്‌ടോബര്‍ പത്തിന് തുടരും.