Categories

2G സ്‌പെക്ട്രം: കേസ് പരിഗണിക്കുന്നത് 15 ലേക്ക് മാറ്റി

ന്യൂദല്‍ഹി: 2G സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് 5 കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തു. 2G സ്‌പെക്ട്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് സി.ബി.ഐ എതിര്‍ത്തത്.

അപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രില്‍ 15 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രം ഏപ്രില്‍ 24ന് സമര്‍പ്പിക്കാനും കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വാന്‍ ടെലികോമിലെ വിനോദ് ഗോന്‍ക, യുനിടെക്കിലെ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരഭായ് അംബാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരായ ഗൗതം ധോഷി, ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നതിനെയാണ് സി.ബി.ഐ എതിര്‍ത്തത്.

അന്വേഷണത്തിനിടയില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ യു.യു ലളിത് കോടതിയെ അറിയിച്ചു. എന്നാല്‍ ഇവര്‍ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യത്തിന് അര്‍ഹരാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഈ അപേക്ഷയെ എതിര്‍ക്കുകയും വിശദീകരണം നല്‍കുന്നതിനായി സമയം ആവശ്യപ്പെടുകയും ചെയ്തു.

മുന്‍ ടെലികോം മന്ത്രി എ.രാജ, അദ്ദേഹത്തിന്റെ സഹായി ആര്‍.കെ ചന്തോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹ്‌റ, സ്വാന്‍ ടെലികോം പ്രെമോട്ടര്‍ ഷാഹിദ് ബല്‍വ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.