ന്യൂഡല്‍ഹി: ടു ജി അഴിമതിയെച്ചൊല്ലി പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സംയുക്ത പാര്‍ലമെന്ററി അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ പ്രതിപക്ഷം തയാറാവാത്ത സാഹചര്യത്തിലാണിത്.

സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന സമിതിക്കൊപ്പം മറ്റ് അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്.