ന്യൂദല്‍ഹി: ടു ജി ഇടപാടിനെ കുറിച്ചുള്ള ധനമന്ത്രാലയത്തിന്റെ കത്ത് വിവാദമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായും അഭ്യന്തര മന്ത്രി പി.ചിദംബരുവുമായും യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി പ്രത്യേകം കൂടികാഴ്ചകള്‍ നടത്തി. സോണിയ ഗാന്ധിയുടെ 10 ജന്‍പത് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യം പി. ചിദംബരവുമായും പിന്നാലെ പ്രണാബ് മുഖര്‍ജിയുമായാണ് തിങ്കളാഴ്ച വൈകീട്ടോടെ സോണിയ ചര്‍ച്ചകള്‍ നടത്തിയത്.

2ജി സ്‌പെക്ട്രം ഇടപാട് നടന്നത് ചിദംബരത്തിന്റെ അറിവോടെയാണെന്ന് പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്ത് വിവാദമായതിന് ശേഷം ആദ്യമായാണ് ചിദംബരം സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നത്. കൂടിക്കാഴ്ചയില്‍ ചിദംബരം രാജിസന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇത് വരെ അറിവായിട്ടില്ല.

ചിദംബരത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് വിദേശപര്യാടനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രണാബ് മുഖര്‍ജി സോണിയയെ കണ്ടത്. ധനമന്ത്രാലയം പ്രധാനമന്ത്രിക്ക് അയച്ച കത്ത് വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യം സംബന്ധിച്ച യു.പി.എ അദ്ധ്യക്ഷക്ക വിശദീകരണം നല്‍കുകയാണ് പ്രണബിന്റെ ഉദ്ദ്യേശമെന്നാണ് സൂചന.