ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ലൈസന്‍സ് നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിയോജിപ്പ് അര്‍ഹിക്കുന്ന രിതിയില്‍ പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ എതിര്‍പ് പ്രകടിപ്പിച്ചെങ്കിലും അത് അര്‍ഹിക്കുന്ന രീതിയിലായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എ. രാജയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സര്‍ക്കാരെന്നത് സ്വകാര്യ ബിസിനസല്ലെന്ന് ഓര്‍മിപ്പിച്ച സുപ്രീം കോടതി സര്‍ക്കാരിന് ഇതില്‍ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും നിരീക്ഷിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുതാല്‍പര്യത്തിനനുസൃതവും ന്യായയുക്തവുമായിരിക്കണം. ഇങ്ങിനെയാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ജസ്റ്റിസ് ജി.എസ് സിങ്വി, ജസ്റ്റിസ് എ.കെ ഗാംഗുലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

പ്രധാനമന്ത്രിയുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കേണ്ടിയിരുന്നുവെന്നും ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങളോട് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം കോടതിയില്‍ അറിയിച്ചു.

45 മിനുട്ട് മാത്രമാണ് ബന്ധപ്പെട്ട രേഖകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍് ടെലികോം വകുപ്പ് ലൈസന്‍സികള്‍ക്ക് നല്‍കിയത്. ഇതിന് സര്‍ക്കാര്‍ ടെലിപ്പതി സംവിധാനം വഴിയാണോ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടപടിക്രമങ്ങള്‍ കുറേകൂടി സുതാര്യമാവേണ്ടിയിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.

സെന്റര്‍ ഫോര്‍ പബ്ലിക് ലിറ്റിഗേഷന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.