ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനിയുടെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. മൊറാനിയോട് കോടതിക്കു മുമ്പാകെ ഹാജരാകാനും കോടതി ഉത്തരവിട്ടു.

ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു മൊറാനിയുടെ ആവശ്യം. എന്നാല്‍ ഇത് കോടതി നിരസിക്കുകയായിരുന്നു. സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്ജായ ഒ.പി.സെയ്‌നിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.

ഏപ്രില്‍ 2-ന് സി.ബി.ഐയുടെ ആദ്യ കുറ്റ പത്രം വന്നപ്പോള്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജയോടൊപ്പം ടെലികോം സെക്രട്ടറിയായിരുന്ന സിദ്ധാര്‍ത്ഥ് ബഹുറ, സ്വാന്‍ ടെലികോം പ്രമോട്ടറായിരുന്ന ഷാഹിദ് ബല്‍വ, രാജയുടെ സഹായിയായ ആര്‍.കെ.ചന്ദോല്യ, വിനോദ് ഗോയങ്ക, യൂണിടെക്കിന്റെ സഞ്ജയ് ചന്ദ്ര അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പിലെ ഗൗതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപാറ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. ഏപ്രില്‍ 25-ന്റെ അനുബന്ധ കുറ്റ പത്രത്തിലാണ് ഡി.എം.കെ തലവന്‍ കരുണാനിധിയുടെ മകളായ കനിമൊഴിയെ സി.ബി.ഐ ഉള്‍പ്പെടുത്തിയിരുന്നത്. അതേ അനുബന്ധ കുറ്റപത്രത്തിലാണ് കരീം മൊറാനിയുടെ പേരും സി.ബി.ഐ ഉള്‍പ്പെടുത്തിയിരുന്നത്.

കനിമൊഴിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി നേരത്തെ തന്നെ തള്ളിയിരുന്നു.