Categories

സ്‌പെക്ട്രം ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം തകര്‍ക്കുമോ?

2G സ്‌പെക്ട്രം അഴിമതി തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ ഈ വിവാദം യു.പി.എയില്‍ നിന്നും ഡി.എം.കെ പുറത്തുപോകാന്‍ കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ.രാജയെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഡി.എം.കെ ശ്രമിച്ചത് തമിഴ്‌നാട്ടില്‍ അവര്‍ക്കുണ്ടായിരുന്ന പ്രതിച്ഛായ തകര്‍ത്തിരുന്നു. എന്നാല്‍ രാജ രാജിവച്ചതോടെ അത് ചെറുതായൊന്ന് അടങ്ങി. എന്നാല്‍ കനിമൊഴിയ്ക്കും, ദയാലു അമ്മാളുവിനും, നേരെ ഇപ്പോഴുണ്ടായ നീക്കങ്ങള്‍ കോണ്‍ഗ്രസ് ഡി.എം.കെ ബന്ധത്തെ തന്നെ തകര്‍ക്കുമെന്ന രീതിയിലാണ് പോകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.പി.എ വിടാനുള്ള പ്രവണത ഡി.എം.കെയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. യു.പി.എയില്‍ നിന്നു പുറത്തുപോകുന്നതിനെക്കുറിച്ച് മാര്‍ച്ചില്‍ ഡി.എം.കെ നേതൃത്വത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. നിമയസഭാ തിരഞ്ഞെടുപ്പില്‍ 234ല്‍ 63സീറ്റുകള്‍ മാത്രം ഡി.എം.കെയ്ക്ക് മാറ്റിവച്ചതാണ് അപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ടു എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സീറ്റുവിഭജനത്തിലെ തര്‍ക്കം കോണ്‍ഗ്രസ് പരിഹരിച്ചതോടെ ഏഴ് വര്‍ഷമായി തുടരുന്ന ആ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് കെട്ടടങ്ങി.

സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് കനിമൊഴിയെ സി.ബി.ഐ പ്രതിചേര്‍ത്തതോടെ ഈ പ്രശ്‌നം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കനിമൊഴിയ്‌ക്കെതിരായ സി.ബി.ഐ ഇടപെടല്‍ ഡി.എം.കെ -കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കിയെന്നതില്‍ സംശയമില്ല. ഇത് യു.പി.എ വിടുന്നതുവരെ വളരുമോ എന്നത് കാത്തിരുന്നു കാണാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.