എഡിറ്റര്‍
എഡിറ്റര്‍
2ജി സ്‌പെക്ട്രം: സംയുക്ത പാര്‍ലമെന്ററി യോഗ ബഹിഷ്‌കരണം ബി.ജെ.പി അവസാനിപ്പിച്ചു
എഡിറ്റര്‍
Friday 9th November 2012 12:41am

2g-spectrumന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ബഹിഷ്‌കരിക്കുന്നത് ബി.ജെ.പി അവസാനിപ്പിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെയും ധനമന്ത്രി പി.ചിദംബരത്തെയും വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ബി.ജെ.പി പങ്കെടുക്കാതിരുന്നത്.

പ്രധാനമന്ത്രിയെ വിളിച്ച് വരുത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ചെയര്‍മാന്‍ പി.സി. ചാക്കോ വ്യക്തമാക്കി. ചിദംബരത്തിന്റെ കാര്യത്തില്‍ സമിതിയില്‍ സമവായമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിന്റെ മൊഴി പ്രധാനമന്ത്രിക്കും ചിദംബരത്തിനും എതിരാണെന്ന് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നുവെന്ന് ചന്ദ്രശേഖന്‍ ജെ.പി.സിക്ക് മൊഴി നല്‍കിയിരുന്നു.

Ads By Google

ഈ സാഹചര്യത്തില്‍ ചിദംബരത്തെ വിളിച്ചുവരുത്തണമെന്നും പ്രധാനമന്ത്രിക്ക് ചോദ്യാവലി അയച്ചുകൊടുക്കണമെന്നുമാണ് ബി.ജെ.പി അംഗങ്ങളായ യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ്, ധര്‍മേന്ദ്രപ്രധാന്‍, രവിശങ്കര്‍ പ്രസാദ്, ഗോപിനാഥ് മുണ്ടേ, ഹരേന്‍പാഠക് എന്നിവര്‍ ആവശ്യപ്പെടുന്നത്. അതിനിടെ, 2ജി സ്‌പെക്ട്രം ലൈസന്‍സിന് ഒറ്റത്തവണയായി ഫീസ് ഈടാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 31,920 കോടി രൂപ ഇതിലൂടെ സമാഹരിക്കാന്‍ കഴിയും.

നിലവിലുള്ള എല്ലാ കമ്പനികളില്‍ നിന്നും ഒറ്റത്തവണയായി ഫീസ് ഈടാക്കണമെന്ന മന്ത്രിതലസമിതിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതായി ധനമന്ത്രി പി. ചിദംബരം അറിയിച്ചു. 4.4 മെഗാ ഹെര്‍ട്‌സിന് മീതെ സ്‌പെക്ട്രം ഉപയോഗിക്കുന്ന ജി.എസ്.എം ഓപ്പറേറ്റര്‍ കമ്പനികളില്‍ നിന്നാണ് ഈ ചാര്‍ജ് ഈടാക്കുക. സ്വകാര്യ മേഖലയില്‍ നിന്നുള്ള കമ്പനികളില്‍നിന്നും 19,109 കോടിയും ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീ കമ്പനികളില്‍നിന്ന് 11,818 കോടി രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്.

ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സി.ഡി.എം.എ ഓപ്പറേറ്റര്‍മാരില്‍നിന്ന് തത്കാലം തുക ഈടാക്കണ്ടെന്നാണ് തീരുമാനം. ലേലം ചെയ്യാന്‍ നിരവധി തവണ സമയം നീട്ടിനല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

അതേസമയം, 2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ 122 ലൈസന്‍സുകള്‍ പൂര്‍ണമായും എന്തുകൊണ്ട് പുനര്‍ ലേലം ചെയ്തില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. എന്തുകൊണ്ട് ഇത്രയുംനാള്‍ ഈ ലൈസന്‍സുകള്‍ കൈവശം വച്ചുവെന്ന് കോടതി ചോദിച്ചു.

Advertisement