ന്യൂദല്‍ഹി: 2G സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീംകോടതി. ഉത്തരവും പരാമര്‍ശങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

സ്‌പെക്ട്രം അഴിമതികേസില്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കോടതിയുടെ ചില പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ മനസില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇത് ഇടയാക്കിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതിനിടെ അഴിമതിക്കേസില്‍ സി ബി ഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. അടുത്തവര്‍ഷം മാര്‍ച്ചോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

2G സ്‌പെക്ട്രം വിതരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അപകടകരമായ മൗനംപാലിച്ചുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തിരുന്നു.