ന്യൂദല്‍ഹി: ടു ജി സ്‌പ്രെക്ട്രം ഇടപാടില്‍ അഭ്യന്തരമന്ത്രി പി.ചിദംബരത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തന്റെ മുന്‍ നിലപാടുകളില്‍ നിന്ന ധനമന്ത്രി പ്രണബ് മുഖര്‍ജി പിന്നോക്കം പോവുന്നു. ടു ജി സ്‌പ്രെക്ട്രം ഇടപാട് നടന്നത് ചിദംബരത്തിന്റ അറിവോടെയാണെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച കുറിപ്പ് തന്റെ കാഴ്ചപ്പാട് പ്രതിഫലിക്കുന്നതല്ലെന്ന പ്രണാബ് മുഖര്‍ജി ദില്ലിയില്‍ പറഞ്ഞു.

വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറിപ്പ് തയ്യാറാക്കാനായി ഒരു കൂട്ടം ഉദ്ദ്യോഥരെയാണ് ചുമതലപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ക്ക പുറമെ അവരുടേതായ വ്യാഖ്യാനവും കുറിപ്പില്‍ ഇടംപിടിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇതൊന്നും തന്റേതല്ലെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രണാബ് പറഞ്ഞു.

ടു.ജി സ്‌പെക്ട്രം ഇടപാടില്‍ ചിദംബരം തെറ്റ് ചെയ്തിട്ടില്ലെന്നും ടു ജി സ്‌പെക്ട്രം വിതരണത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് യുപിഎ സര്‍ക്കാരും പിന്തുടര്‍ന്നതെന്നും പ്രണാബ് വ്യക്തമാക്കി. പ്രണാബിന്റെ വിശദീകരണത്തോടെ ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്നും പ്രണാബിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് മന്‍മോഹന്‍സിങിനെ കണ്ടത്. മന്ത്രിമാരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.