ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം ഇടപാടിനെ കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനു അറിയാമായിരുന്നുവെന്നും ചിദംബരം നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ സ്‌പെക്ട്രം ലേലം സാധ്യമാകുമായിരുന്നെന്നും ധനകാര്യവകുപ്പ് മന്ത്രി പ്രണാബ് മുഖര്‍ജി.

ഇക്കാര്യം വ്യക്തമാക്കി പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിക്കു കത്തുനല്‍കി. 2011 മാര്‍ച്ചിലാണ് പ്രധാനമന്ത്രിയ്ക്കു കത്തയച്ചത്. 2008ല്‍ പി.ചിദംബരം വിളിച്ച ചേര്‍ത്ത യോഗം ചൂണ്ടിക്കാട്ടിയാണ് പ്രണാബ് ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചത്.

ലേലം നടത്താതെ ടു ജി സ്‌പെക്ട്രം അനുവദിച്ചതു ചിദംബരത്തിന്റെ അറിവോടെയായിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചിദംബരം നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ സ്‌പെക്ട്രം ലേലം നടക്കുമായിരുന്നെന്നും പ്രണാബ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ചിദംബരവും ടെലികോം മുന്‍മന്ത്രി എ.രാജയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ മിനിട്‌സ് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്‌പെക്ട്രം കേസില്‍ ചിദംബരത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ചിദംബരത്തെ കൂട്ട് പ്രതിയാക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം.

എന്നാല്‍ ഇടപാടില്‍ മറ്റ് മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും പങ്കില്ലെന്നും ഇത് സംബന്ധിച്ച് എ.രാജ സ്വന്തം  തീരുമാനമാണ് നടപ്പിലാക്കിയതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്റ നിലപാട്. സ്‌പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത വന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.