എഡിറ്റര്‍
എഡിറ്റര്‍
2ജി മൊബൈല്‍ നിരക്ക് വര്‍ധിച്ചേക്കും
എഡിറ്റര്‍
Saturday 28th April 2012 2:12pm

ന്യൂദല്‍ഹി: മുന്‍ മന്ത്രി എ.രാജ വഴി വിട്ട് ടെലികോം കമ്പനികള്‍ക്ക് നല്‍കിയ 2ജി സ്‌പെക്ട്രം ലൈസന്‍സ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ലൈസന്‍സ് പുനര്‍ലേലത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. 2008ല്‍ അനുവദിച്ചതിന്റെ പത്തിരട്ടിയാണ് ഇപ്പോള്‍ 2ജി സ്‌പെക്ട്രം ലൈസന്‍സിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില.

ഉയര്‍ന്ന വില നല്‍കി ലേലം കൈക്കൊള്ളുമ്പോള്‍ നിലവിലെ നിരക്കുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് മൊബൈല്‍ കമ്പനികളുടെ വാദം. ലേലം പിടിക്കുന്നതിന്റെ അധിക ഭാരം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെയ്ക്കനാണ് കമ്പനി ഉടമകള്‍ ശ്രമിക്കുന്നത്. ലൈസന്‍സ്  വിലയിലെ അന്തരം കണക്കാക്കിയാല്‍ മിനിറ്റിന് ഒന്നര മുതല്‍ മൂന്ന് പൈസ വരെ വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ മൊബൈല്‍ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചിപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ടെലികോം മന്ത്രി മിലിന്ദ് ദേവ്‌റ പറഞ്ഞു.

നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോരിറ്റിയുടെ മാനദണ്ഡം നലവിലുണ്ട്. നിരക്ക് ഉയര്‍ത്തുമ്പോള്‍ ടെലികോം മന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങണം. ഉപഭോക്താക്കളുടെ താല്‍പര്യം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോരിറ്റിയും സര്‍ക്കാരും തീരുമാനം എടുക്കുകയുള്ളൂവെന്ന്് മന്ത്രി പറഞ്ഞു. എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്പനികള്‍ക്ക് യാതൊര് തടസ്സവുമില്ല. നടപ്പിലാക്കുന്നതിനും ഒരാഴ്ച്ച മുമ്പ് മാത്രം സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചാല്‍ മതി. സര്‍ക്കാര്‍ പരിഗണിക്കുന്ന പുതിയ നയത്തില്‍ റോമിങ് ചാര്‍ജ് പൂര്‍ണ്ണമായും എടുത്ത് കളയുകയാണ്. റോമിംങ് ചാര്‍ജ് ഇല്ലാതെയാകുന്നത് കമ്പനികള്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കുക. ഈ നഷ്ടവും ലൈസന്‍സ് പുനര്‍ലേലത്തിന്റെ മറവില്‍ നികത്താനാണ് കമ്പനികളുടെ ഉദ്ദേശം.

മൊബൈല്‍ നിരക്ക് വര്‍ധിക്കുന്നതിനെതിരെ ജനങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ചെയ്യുന്ന അഴിമതിയ്ക്ക് തങ്ങളെ ബലിയാടുകളാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും മറ്റുമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയുള്ള പ്രതികരണങ്ങള്‍. ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് മാത്രമേ നിരക്ക് വര്‍ധിപ്പിക്കുകയുള്ളൂവെന്ന് പറഞ്ഞ മന്ത്രി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും പരിശോധിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

 

Malayalam News

Kerala News in English

Advertisement