ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ പ്രോസിക്യൂട്ടറായ എ.കെ സിങ്ങിനെ പുറത്താക്കി. കേസില്‍ ആരോപണ വിധേയരായ ഉന്നതര്‍ക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് എ.കെ സിങ്ങിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.  ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ഇന്ന് ദല്‍ഹിയില്‍ യോഗം ചേരും.

Ads By Google

കേസില്‍ ആരോപണ വിധേയരായ യുണിടെക്ക് മാനേജിങ് ഡയരക്ടര്‍ സജ്ഞയ് ചന്ദ്രയും, എകെ സിങും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതായി സി.ബി.ഐ  സ്ഥിതീകരിച്ചിട്ടുണ്ട്.

എ.കെ സിങ്ങിന്റെ അന്യായ ഇടപെടല്‍ കേസില്‍ നടന്നിട്ടുണ്ടെന്ന് സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സി.ബി.ഐയുടെ കണ്ടെത്തലിനെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ്ജസ്റ്റിസ്, കേന്ദ്ര നിയമ മന്ത്രാലയം, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ എന്നിവക്ക് സി.ബി.ഐ ഡയരക്ടര്‍ കത്തെഴുതുകയായിരുന്നു.

കേന്ദ്രത്തിലെ മറ്റ് പല അഴിമതി കേസുകളിലും സി.ബി.ഐ പ്രോസിക്യൂട്ടര്‍മാരും പ്രതികളും തമ്മില്‍ അനധികൃത ഇടപെടല്‍ നടക്കുന്നവെന്ന് തെളിഞ്ഞിരുന്നു. കേസില്‍  ആരോപണ വിധേയരായ എല്ലാവര്‍ക്കും എ.കെ സിങ്ങ്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് സി.ബി.ഐ. കൂടാതെ കേസ് എങ്ങനെ നേരിടണമെന്നും എ.കെ സിങ് ഇവര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ജെ.പി.സിക്ക് മുന്‍പില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യമമെന്ന് ബി.ജെ.പിയുടെ ആവശ്യം ജെ.പിസി ചെയര്‍മാന്‍ തള്ളിയിട്ടുണ്ട്. ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍, സി.ബി.ഐ ഡയരക്ടര്‍ രജ്ഞിത്ത് സിന്‍ഹ എന്നിവര്‍ ഇന്ന് ജെ.പി.സിക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.