ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം വിഷയം കോടതിക്ക് പുറത്ത് സംസാരിക്കരുതെന്ന് സി.ബി.ഐ പ്രത്യേക ജഡ്ജി ഒ.പി. സെയ്‌നി പറഞ്ഞു.

Ads By Google

പുറത്താക്കപ്പെട്ട സി.ബി.ഐ പ്രോസിക്യൂട്ടര്‍ എ.കെ. സിംഗ, യൂണിടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര എന്നിവരുള്‍പ്പെട്ട വിവാദ ഓഡിയോ ടേപ്പ് പുറത്തുവന്നതോടെയാണ് കേസിന്റെ ഗതിയെക്കുറിച്ച് കോടതിക്ക് പുറത്ത് സംസാരിക്കരുതെന്ന് ജഡ്ജി പറഞ്ഞത്.

മുന്‍ ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെ 16 പേര്‍ പ്രതികളായ 2ജി സ്‌പെക്്ട്രം കേസില്‍ ദല്‍ഹി കോടതിയില്‍ ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് വിചാരണ ആരംഭിച്ചത്.

എസ്സാര്‍ ഗ്രൂപ്പ്, ലൂപ്പ് ടെലികോം എന്നിവര്‍ക്കെതിരേയുള്ള കേസിലാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. സാക്ഷി അനന്തരാജ് ഇന്‍ഡസ്ട്രീസ് സിഇഒ അമിത് സരിന്റെ മൊഴി കോടതി ഇന്നലെ രേഖപ്പെടുത്തി.

അതേസമയം 2ജി സ്‌പെക്ട്രം കേസ് വിദേശ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

2 ജി സ്‌പെക്ട്രം ലേലം ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടില്‍ വിദേശത്ത് നിന്ന് പണം വന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരം അന്വേഷിക്കാനായി വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് സി.ബി.ഐ ജെ.പി.സിയെ അറിയിച്ചിരുന്നു.

എന്നാല്‍ വിദേശത്ത് നടക്കുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് ജെ.പി.സി അംഗങ്ങള്‍ സി.ബി.ഐ ഡയരക്ടറായ രജ്ഞിത്ത് സിന്‍ഹയെ അറിയിച്ചു. അതേസമയം ഇന്ത്യയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ പുരോഗതിയുണ്ടെന്നും വിദേശത്തുള്ളവ സാവധാനത്തിലാണെന്നും സി.ബി.ഐ സമ്മതിച്ചിട്ടുണ്ട്.