ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹാന്‍വതിയെ സി.ബി.ഐ ചോദ്യം ചെയ്തു. സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന സമയത്ത് ടെലികോം മന്ത്രി രാജയ്ക്ക് നിയമോപദേശം നല്‍കിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനു വിധേയനാക്കിയത്.

ആദ്യം വന്നവര്‍ക്ക് ആദ്യം നല്‍കണമെന്ന നയം സുതാര്യമാണെന്നായിരുന്നു വഹാന്‍വതിയുടെ നിയമോപദേശം. എന്നാല്‍ 2ജി ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജയോ ടെലികോം മന്ത്രാലയമോ തന്നോട് നിയമോപദേശം ആവശ്യപ്പെട്ടിട്ടില്ലെന്ന് വഹാന്‍വതി കോടതിയെ അറിയിച്ചിരുന്നു.

വഹാന്‍വതി രാജയ്ക്ക് നിയമോപദേശം നല്‍കിയെന്ന് വ്യക്തമാവുന്ന രേഖകളാണ് സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡിനെതിരെ അന്വേഷണം നടത്താതിരിക്കാന്‍ രാജ ഉപയോഗിച്ചതെന്ന് സി.ബി.ഐയ്ക്ക് വ്യക്തമായിട്ടുണ്ട്.