‌ന്യൂഡല്‍ഹി:രണ്ടാം തലമുറ സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പി.എ.സിക്കു മുന്‍പില്‍ ഹാജരായി. നേരിട്ട് ഹാജരാവണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പി.എ.സി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.എ.ജി ഹാജരായത്.

സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് 1.76ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിശദീകരണം നല്‍കാനാണ് സി.എ.ജി എത്തിയത്. നേരത്തെ ടെലികോം കമ്മീഷനും, ധനകാര്യമന്ത്രാലയവും, ട്രായിയും ഇക്കാര്യത്തില്‍ വാക്കാലുള്ള വിശദീകരണം നല്‍കിയിട്ടുണ്ട്.

അതേസമയം ടു ജി അഴിമതി പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുന്‍പാകെ ഹാജരാകാന്‍ തയാറാണെന്ന് കാണിച്ച് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് കത്തയച്ചു. പിഎസി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിക്കാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാലതാമസം വരുത്തിയെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മറ്റിക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ മന്‍മോഹന്‍ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

സ്‌പെക്ട്രം വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷപാര്‍ട്ടികള്‍. ഏറ്റവും വലിയ അഴിമതിയായി പ്രതിപക്ഷം വിശേഷിപ്പിച്ച സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരാന്‍ ജെ.പി.സി അന്വേഷണത്തിനു മാത്രമേ കഴിയൂ. ഈ വിഷയത്തിലൂന്നിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതലാല സമ്മേളനം മുഴുവന്‍ തടസ്സപ്പെട്ടിരുന്നു.