എഡിറ്റര്‍
എഡിറ്റര്‍
ടു ജി പുനര്‍ലേലം കുറഞ്ഞതില്‍ സുപ്രീംകോടതിക്ക് അതൃപ്തി
എഡിറ്റര്‍
Monday 19th November 2012 4:29pm

ന്യൂദല്‍ഹി: ടു ജി പുനര്‍ലേലത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി. ലേലം സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തതായി കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് ലേലത്തുക കുറഞ്ഞുപോയതെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തള്ളിക്കൊണ്ട് കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Ads By Google

40,000 കോടി ലേലത്തുക പ്രതീക്ഷിച്ച സ്ഥാനത്ത് വെറും 9,407 കോടി രൂപ മാത്രമാണ് ലഭിച്ചത്.ലേലത്തില്‍ തുക കുറഞ്ഞത് ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും കോടതി വിലയിരുത്തി.

രണ്ടാം തലമുറ (2ജി) മൊബൈല്‍ ഫോണ്‍ സ്‌പെക്ട്രം ലേലത്തില്‍ പിടിക്കാന്‍ അഖിലേന്ത്യാതലത്തില്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. സുപ്രധാനമായ ദല്‍ഹി, മുംബൈ സര്‍ക്കിളുകളും ലേലത്തില്‍ പോയില്ല. അഴിമതിയാരോപണവിധേയനായ എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോഴനുവദിച്ച ലൈസന്‍സുകളുടെ പരിധിയില്‍ വരുന്ന സ്‌പെക്ട്രമാണ് ലേലത്തിന് വെച്ചിരുന്നത്.

ലൈസന്‍സ് റദ്ദാക്കിയ കമ്പനികളെ എന്തുകൊണ്ട് ലേലത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് വേണ്ടി അണ്ടര്‍ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം കോടതി സ്വീകരിച്ചില്ല.

രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളില്‍ 18 എണ്ണത്തിലും ടെലികോം കമ്പനികള്‍ ലേലം വിളിച്ചെങ്കിലും പലയിടത്തും ചുരുക്കം ബ്ലോക്കുകള്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ. കേരളത്തില്‍ ആകെ ഒരു ബ്ലോക്ക് മാത്രമാണ് വിറ്റുപോയത്.

Advertisement