എഡിറ്റര്‍
എഡിറ്റര്‍
2 ജി സ്‌പെക്ട്രം ലേലം ആദ്യ ദിനത്തില്‍ തണുത്ത പ്രതികരണം
എഡിറ്റര്‍
Tuesday 13th November 2012 12:50am

ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട 2 ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യദിനം വലിയ പരാജയത്തില്‍ അവസാനിച്ചു. ആദ്യ ദിവസമായ ഇന്നലെ 98 ടെലികോം ബ്ലോക്കുകളില്‍ നിന്നായി വെറും 9,280 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാറിന് ലഭിച്ചത്.

ലേലത്തിന് വെച്ചിരുന്ന 176 ബ്ലോക്കുകളില്‍ 98 എണ്ണം മാത്രമേ തിങ്കളാഴ്ച വിറ്റുപോയുള്ളൂവെന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.

Ads By Google

സുപ്രധാന നഗരങ്ങളായ ദല്‍ഹി, മുംബൈ എന്നിവിടങ്ങള്‍ ആദ്യ ദിനത്തില്‍ ലേലത്തില്‍ പോയില്ല. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളില്‍ ടെലികോം കമ്പനികള്‍ 18 എണ്ണത്തില്‍ ലേലം വിളിച്ചെങ്കിലും ചുരുക്കം ബ്ലോക്കുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. കേരളത്തില്‍ നിന്ന് ആകെ ഒരു ബ്ലോക്ക് മാത്രമാണ് ഇന്നലെ വിറ്റത്.

ലേലം വിളിച്ചുതുടങ്ങാനുള്ള അടിസ്ഥാന തുക കൂടുതലായതിനാലാണ് ദല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളിലും അഖിലേന്ത്യാ തലത്തില്‍ പോലും സ്‌പെക്ട്രം സ്വന്തമാക്കാന്‍ കൂടുതല്‍ പേര്‍ എത്താതിരുന്നതെന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്.

14,000 കോടി രൂപയാണ് അഖിലേന്ത്യാ തലത്തില്‍ ലേലം വിളിക്കാനുള്ള അടിസ്ഥാന തുക. 2008 ല്‍ കമ്പനികള്‍ നല്‍കിയതിനേക്കാളും ഏഴിരട്ടിയിലധികമാണ് ഇപ്പോഴത്തെ തുക. കുറഞ്ഞത് 28,000 കോടി രൂപയാണ് ലേലത്തില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ലഭിച്ചതാകട്ടെ ഇതിന്റെ നാലിലൊന്ന് മാത്രം. ഗുജറാത്ത്. കിഴക്കന്‍ യു.പി, പടിഞ്ഞാറന്‍ യു.പി എന്നിവിടങ്ങളിലാണ് ടെലികോം കമ്പനികള്‍ ആദ്യ ദിനം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമാണ് അടിസ്ഥാന തുകയേക്കാള്‍ കൂടുതല്‍ ലഭിച്ചത്.

ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന എട്ട് ബ്ലോക്കുകളും വിറ്റുപോയത്. ലേലം അവസാനിക്കുമ്പോഴും വിറ്റുപോവാത്ത ബ്ലോക്കുകള്‍ എന്തു ചെയ്യണമെന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.

തീരുമാനമുണ്ടാകുന്നതുവരെ നിലവിലുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ മാത്രമായിരിക്കും അതത് സര്‍ക്കിളുകളില്‍ ഉണ്ടാവുക. 1,800 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ വെച്ചത്. 800 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ആരുമില്ലാതിരുന്നതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലര്‍, ടെലിനോര്‍, വീഡിയോകോണ്‍ എന്നീ ടെലികോം കമ്പനികളാണ് ജി.എസ്.എം ലേലത്തില്‍ പങ്കെടുത്തത്. സി.ഡി.എം.എ. സാങ്കേതികതിയില്‍ ആദ്യം താത്പര്യം കാണിച്ച ടാറ്റയും വീഡിയോകോണും പിന്നീട് പിന്മാറി.

എ. രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് ചട്ടങ്ങള്‍ ലംഘിക്കാതെ അനുവദിച്ച 122  2 ജി ടെലികോം ലൈസന്‍സുകള്‍ കഴിഞ്ഞ ഫിബ്രവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നീട് രാജ അവലംഭിച്ച ‘ആദ്യം വരുന്നവര്‍ക്ക് ആദ്യം’ എന്ന രീതിയില്‍ സ്‌പെക്ട്രം ലേലം ചെയ്യണമെന്നും കോടതി വിധിച്ചു.

ലൈസന്‍സുകള്‍ റദ്ദാക്കപ്പെട്ടതോടെ സര്‍ക്കാറിന്റെ കൈവശം വന്ന 2ജി സ്‌പെക്ട്രമാണ് ഇപ്പോള്‍ ലേലം ചെയ്യുന്നത്. 2010ല്‍ നടന്ന 3ജി ലേലവുമായി താരതമ്യം ചെയ്യുമ്പോള്‍ തിങ്കളാഴ്ച ആരംഭിച്ച 2ജി ലേലം നഷ്ടത്തിലാണ് ആരംഭിച്ചതെന്നാണ് അറിയുന്നത്. അതേസമയം, 3ജി ലേലത്തില്‍നിന്ന് സര്‍ക്കാറിന് 60,000 കോടി രൂപയോളം വരുമാനം ലഭിക്കുകയും ചെയ്തു.

Advertisement