ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുമ്പാകെ ഹാജരായി . കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയും വ്യവസായി രത്തന്‍ ടാറ്റയും കഴിഞ്ഞദിവസം അക്കൗണ്ട്‌സ് കമ്മറ്റിക്കു മുമ്പാകെ ഹാജരായിരുന്നു.

എത്തിസലാദ് ഡി ബി ടെലികോം സി.ഇ.ഒ അതുല്‍ ജാമിനേയും പി.എ.സി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിട്ടുണ്ട്. എസ് ടെല്‍ സി.ഇ.ഒ ഷമിക് ദാസ്, യൂണിടെക് വയര്‍ലെസ് എം.ഡി സിഗ്വേ ബ്രികെ എന്നിവരോടും അക്കൗണ്ട്‌സ് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ നടത്തിയ തെളിവെടുപ്പിനോട് നീരാ റാഡിയ സഹകരിച്ചിട്ടില്ലെന്ന് അക്കൗണ്ട്‌സ് കമ്മറ്റി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞു.

സ്‌പെക്ട്രം കരാറില്‍ ടാറ്റാ ടെലിസര്‍വ്വീസ് നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രത്തന്‍ ടാറ്റയില്‍ നിന്നും മൊഴിയെടുത്തത് എന്നാണ് സൂചന. സ്‌പെക്ട്രം കരാറില്‍ ക്രമക്കേടു നടത്താന്‍ ഇടനിലക്കാരിയായി എന്നതാണ് റാഡിയക്കെതിരായ മുഖ്യ ആരോപണം. വൈഷ്ണവി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍പേഴ്‌സണായിരുന്ന റാഡിയ മനോജ് വാരിയര്‍, യതീഷ് വഹാല്‍ എന്നിവര്‍ക്കൊപ്പമാണ് പാര്‍ലമെന്റ് സമിതിക്ക് മുന്നിലെത്തിയത്.