ഉത്തര്‍പ്രദേശ്: ഗോരഖ്പ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഈ മാസം മാത്രം മരണമടഞ്ഞത് 290 കുട്ടികളെന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പി.കെ സിങിന്റെ വെളിപ്പെടുത്തല്‍.

മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് 77 കുഞ്ഞുങ്ങളും നിയോ നേറ്റല്‍ ഐസിയുവില്‍ 213 കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1,250 കുട്ടികള്‍ മരിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 42 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. ഇതില്‍ ഏഴു കുട്ടികള്‍ മരിച്ചത് മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.


Also read  തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഭയം; അധികാരം നിലനിര്‍ത്താന്‍ എളുപ്പവഴി തേടി യോഗി ആദിത്യനാഥ്


ഗോരഖ്പൂര്‍ ദുരന്തത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലെയും ഭാര്യയെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ കാണ്‍പൂരില്‍ വെച്ചാണ് ഡോക്ടര്‍ രാജീവ് മിശ്രയെയും ഭാര്യ ഡോക്ടര്‍ പൂര്‍ണിമ ശുക്ഷയെയും അറസ്റ്റുചെയ്തത്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ രാജീവ് മിശ്രയും ഭാര്യയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ എഫ്.ഐ.ആറഉം റജിസ്റ്റര്‍ ചെയ്തു.

അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഓക്സിജന്‍ വിതരണ കമ്പനിയായ പുഷ്പാ സെല്‍സ് എം.ഡിയെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശിശുരോഗ വിഭാഗം മുന്‍ മേധാവി കൂടിയായ ഡോക്ടര്‍ കഫീല്‍ ഖാനെയും ഉടന്‍ അറസ്റ്റുചെയ്തേക്കുമെന്നാണ് സൂചന.