ബീജിങ്: കനത്ത മഴയെത്തുടര്‍ന്ന് വെളളക്കെട്ട് നിറഞ്ഞ ഖനിയില്‍ കുടുങ്ങിയ 29 തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 30 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നൈജാങിലെ ബത്തിയന്‍ ഖനിയില്‍ നിന്നും തൊഴിലാളികളെ പുറത്തെത്തിച്ചത്.

രണ്ടുദിവസംമുമ്പാണ് തൊഴിലാളികള്‍ ഖനിയിലകപ്പെട്ടത്. തുടര്‍ച്ചയായി മഴപെയ്തതിനെ തുടര്‍ന്ന് ഖനിയില്‍ വെള്ളം കയറുകയായിരുന്നു. നിരവധി ഖനികളുള്ള ചൈനയില്‍ ഇത്തരം അപകടങ്ങള്‍ സാധാരണമാണ്. 2009ല്‍ മാത്രം ഖനിയപകടങ്ങളിലായി 2,631 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.