ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹനെതിരായ അന്വേഷണ നടപടിയില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ കൂട്ടരാജി. 29 എം.എല്‍.എ മാരാണ് ഇന്ന് രാജിനല്‍കിയത്. 25 കോണ്‍ഗ്രസ് എം.എല്‍.എ മാരും 2 ടി.ഡി.പി എം.എല്‍.എ മാരും ഒരു പ്രജാരാജ്യം എം.എല്‍.എയുമാണ് രാജിവെച്ചത്.

ജഗനെതിരായ സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വൈ.എസ്.ആറിന്റെ പേര് പരാമര്‍ശിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. ഇതേ തുടര്‍ന്ന് ഞായറാഴ്ച ജഗന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രാജി തീരുമാനമെടുത്തിരുന്നു. അതുപ്രകാരം ഇന്ന് രാവിലെ ആന്ധ്രപ്രദേശ് സ്പീക്കര്‍ നദെന്‍ഡിയ മനോഹറിനെ കണ്ട് രാജിക്കത്ത് നല്‍കുകയായിരുന്നു. തെലുങ്കാന എം.എല്‍.എമാരുടെ രാജി നിഷേധിച്ചത് ഇവിടെയും ആവര്‍ത്തിക്കുകയാണെങ്കില്‍ നിരാഹാരസമരം നടത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജഗനെതിരായ സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇവര്‍ പറയുന്നത്.

ആന്ധ്ര ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ. ജഗന്റെ സ്വത്തിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സംസ്ഥാന മന്ത്രി ശങ്കര്‍ റാവുവിന്റെയും മറ്റും ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ. കഴിഞ്ഞ ദിവസം ജഗന്റെ വസ്തുവകകളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്തരിച്ച പിതാവ് വൈ.എസ്. രാജശേഖരറെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്നാണ് കേസ്. ജഗന്റെ കമ്പനികളില്‍ പണമിറക്കിയ പലരും അക്കാലത്ത് ഭരണപരമായ ആനുകൂല്യങ്ങള്‍ നേടിയവരാണെന്ന് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.