ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായി ലഷ്‌കറി തോയിബ തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കേസ് ഇന്ന് പരിഗണിക്കും.
മുംബൈയിലെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയാണ് വിധി പറയുക.

ഹെഡ്‌ലിയെ കൂടാതെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിയുര്‍ റഹ്മാന്‍ ലഖ്‌വി, ഹെഡ്‌ലിയുടെ സഹായി തഹാവുര്‍ റാണ, അല്‍ഖായിദ നേതാവ് ഇല്യാസ് കശ്മീരി, ഹെഡ്‌ലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന സാജിദ് മാലിക്, പാക്ക് സൈന്യത്തില്‍നിന്നു വിരമിച്ച അബ്ദുറഹ്മാന്‍ ഹാഷിമി എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവര്‍.

ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയിലെ ജയിലിലാണ്. 2008 ലെ ഭീകരാക്രമണത്തെ കുറിച്ച് അറിയാമായിരുന്ന ഹെഡ്‌ലിയുടെ ഭാര്യയ്‌ക്കെതിരെ എന്ത് കുറ്റമാണ ചുമത്തുകയെന്ന് ഇന്ന് അറിയാം.

മുംബൈ ഭീകരാക്രമണ കേസില്‍ 2009 നവംബര്‍ 12നാണ് എന്‍.ഐ.എ കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ കൂടുതല്‍ പേര്‍ പങ്കാളികളായതായി തുടരന്വേഷണങ്ങളില്‍ വ്യക്തമായതോടെ മറ്റ് ഏഴുപേരെ കൂടി ഇതില്‍ ചേര്‍ക്കുകയായിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009 ഒക്ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍ വെച്ചാണ് ഹെഡ്‌ലിയും റാണയും പിടിയിലായത്.  പാകിസ്താനിലെ തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഐ.എസ്.ഐയുടെ കീഴിലാണെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു

ആക്രമണം ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത് പാക്ക് ഭീകരന്‍ ഹാഫിസ് സയീദ് ആണെന്നും ഐ.എസ്.ഐ.യും ലഷ്‌കറെ തയിബയും പരസ്പരംആക്രമണത്തിന് സഹകരിച്ചതായും സൈനിക സഹായത്തിനു പുറമെ ഐ.എസ്.ഐ സാമ്പത്തിക സഹായം നല്‍കിയതായും ഹെഡ്‌ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.

അതേസമയം ലഷ്‌കര്‍ തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുമ്പോള്‍ തന്നെ ഹെഡ്‌ലി സി.ഐ.എ ചാരനായി പ്രവര്‍ത്തിച്ചിരുന്നു. സി.ഐ.എയുടെയും ലഷ്‌കറിന്റെയും ഡബിള്‍ ഏജന്റായാണ് ഹെഡ്‌ലി പ്രവര്‍ത്തിക്കുന്നതെന്ന് സംശയുമയര്‍ന്നിരുന്നു.

മുംബൈ സ്‌ഫോടനക്കേസില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമേരിക്ക വിട്ടുതരാന്‍ തയ്യാറായിരുന്നില്ല.

Malayalam News

Kerala News In English