ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ ഹാഫിസ് സഈദിനെ വിട്ടയക്കാന്‍ പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടു. ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള പാക്ക് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സയീദിനെ വിട്ടയയ്ക്കാന്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടത്.

ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്നതാണ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ്. ഭീകരവിരുദ്ധ നിയമപ്രകാരം ജനുവരി മുതല്‍ ഹാഫിസ് സഈദ് വീട്ടുതടങ്കലിലാണ്.

പഞ്ചാബ് സര്‍ക്കാരാണ് സഈദിന്റെ തടങ്കല്‍ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. സഈദിനെ വിട്ടയച്ചാല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പാകിസ്ഥാന് നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

സഈദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ്, ഖാസി ഖാഷിഫ് ഹുസൈന്‍ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. സഈദിനൊപ്പം തടങ്കലിലാക്കിയ നാലു കൂട്ടാളികളെ ഒക്ടോബര്‍ അവസാനത്തോടെ വിട്ടയച്ചിരുന്നു.

പാകിസ്ഥാനിലെ നിയമപ്രകാരം ഒരാളെ 3 മാസത്തില്‍ കൂടുതല്‍ തടങ്കലില്‍ പാര്‍പ്പിക്കണമെങ്കില്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.

നേരത്തെ സഈദിനെ പിടികിട്ടാപുള്ളിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.