കൊച്ചി: ലക്ഷദ്വീപ് തീരത്തുനിന്നും 26 കടല്‍ക്കൊള്ളക്കാരെ  നാവികസേന പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് കടല്‍ക്കൊള്ളക്കാരെ പിടികൂടിയത്.

ലക്ഷദ്വീപില്‍ തീരത്തുനിന്നും 200 നോട്ടിക്കല്‍മൈല്‍ അകലെയാണ് സംഭവം. സോമാലിയയില്‍ നിന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത കപ്പലും ബന്ദികളും ലക്ഷദ്വീപിലേക്ക് കടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നാവികസേന ആക്രമണത്തിന് തയ്യാറായത്.

കൊള്ളക്കാരെ പിന്തുടര്‍ന്ന നാവികസേനയുടെ സി.ഐ.ആര്‍ എന്ന കപ്പലിനു നേരെ കൊള്ളക്കാര്‍ വെടിവച്ചു. തുടര്‍ന്ന് തീരദേശസേനയുടെ കപ്പലും സഹായത്തിനെത്തുകയായിരുന്നു. ഇരുവശത്തും ശക്തമായ വെടിവയ്പുണ്ടായി. ഒടുവില്‍ കീഴടങ്ങാന്‍ കൊള്ളക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. പ്രാന്തലെ 11 എന്ന കപ്പലിലെത്തിയ കൊള്ളക്കാരെയാണ് നാവിക സേന പിടികൂടിയത്.

കൊള്ളക്കാരെ കൂടാതെ കപ്പലില്‍ 24 ബന്ദികളുമുണ്ടായിരുന്നു. അന്‍പതുപേരെയും വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി മുംബൈയിലേക്ക് കൊണ്ടുപോകും.

ആഴ്ചകള്‍ക്കുമുന്‍പ് കൊള്ളക്കാരുടെ മറ്റൊരു കപ്പല്‍ നാവിക സേന തകര്‍ത്തിരുന്നു.