മുംബൈ: ജൂണ്‍ 30നുശേഷം 25 പൈസാ നാണയങ്ങള്‍ വിനിമയരംഗത്തുണ്ടാവില്ലെന്ന് തീര്‍ച്ചയായി. ജൂണ്‍ 30നുശേഷം 25 പൈസയും അതിന് താഴെ മൂല്യമുള്ള നാണയത്തുട്ടുകളും പിന്‍വലിക്കാനാണ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം നാണയങ്ങള്‍ കൈവശമുള്ളവര്‍ ഉടനേ ബാങ്കുകള്‍ക്ക് കൈമാറണമെന്നും ജൂണ്‍ 30 നുശേഷം യാതൊരു തരത്തിലുള്ള ഇടപാടുകളും ഉണ്ടാവുകയില്ലെന്നും റിസര്‍വ്വ് ബാങ്ക് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ജൂണ്‍ 29വരെ പൊതുജനങ്ങളില്‍ നിന്നും 25 പൈസയോ അതില്‍ കുറവ് മൂല്യമുള്ള നാണയങ്ങളോ സ്വീകരിക്കാന്‍ എല്ലാ പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ ശേഖരിക്കുന്ന നാണയങ്ങളെല്ലാം ഉരുക്കിത്തീര്‍ക്കാനാണ് റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഇതുവഴി ലഭിക്കുന്ന ലോഹം എന്തുചെയ്യണമെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.