കൊച്ചി: ഇരുപത്തഞ്ചു പൈസ നാണയങ്ങള്‍ ഇനി നിങ്ങളുടെ കയ്യിലുള്ള ചെപ്പില്‍ സൂക്ഷിക്കാം. അരനൂറ്റാണ്ടിലേറെക്കാലം ജനകോടികളുടെ ഇടയില്‍ തിളങ്ങി നിന്ന ഈ നാണയം കഴിഞ്ഞരാത്രിയോടെ വിനിമയ രംഗത്ത് നിന്നും പിന്‍വലിച്ചു.

1957ലാണ് 25 പൈസ നാണയം പിറവിയെടുത്തത്. ഇരുപത്തിയഞ്ച് പൈസയ്‌ക്കൊപ്പം ജനിച്ച 20 പൈസ, 10 പൈസ നാണയങ്ങളും പിന്‍വലിച്ചിട്ടുണ്ട്.
20പൈസ, 10പൈസ നാണയങ്ങളുടെ നിര്‍മ്മാണം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിയിരുന്നെങ്കിലും ഇവയൊന്നും വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ  നിര്‍മ്മാണം നിര്‍ത്തിയ 1പൈസ, 2പൈസ, 3പൈസ നാണയങ്ങളും വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നില്ല.

നാണയങ്ങളുടെ ആവശ്യം കുറഞ്ഞതും നിര്‍മ്മാണ ചിലവ് വര്‍ധിച്ചതുമാണ് ഇവ പിന്‍വലിക്കാന്‍ കാരണം.

ഇന്നുമുതല്‍ മൂല്യമുള്ള ഏറ്റവും കുറഞ്ഞ നാണയം 50പൈസ നാണയമായിരിക്കും. കണക്കുകളും സാധനസാമഗ്രികളുടെ വിലകളും അതനുസരിച്ച് ക്രമീകരിക്കപ്പെടും.