ന്യൂദല്‍ഹി:അസമില്‍ ബസ് പാലത്തില്‍ നിന്ന് വീണ് 27 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അസമിലെ കാംരൂപ് നദിക്ക് കുറുകെയുള്ള മരപ്പാലത്തില്‍ നിന്നാണ് ബസ് മറിഞ്ഞത്. കാംരൂപ് നദിയിലെ മരപ്പാലത്തിലേക്ക് കയറുന്നതിനിടെ പാലം തകര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഗുവഹാത്തിയില്‍നിന്നും തിഹുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. വിവാഹസല്‍കാരത്തിനുശേഷം മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ നല്ബാരിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആര്‍മിയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.