ഹൈദരബാദ്: കോണ്‍ഗ്രസ് ആന്ധ്രയിലും പ്രതിസന്ധിയില്‍. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് 29 കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും. ജീവിച്ചിരിക്കുമ്പോള്‍ വൈ.എസ്.ആറിനെ വാഴ്ത്തിയവര്‍ മരണശേഷം മന:പൂര്‍വം കരിവാരിത്തേക്കുകയാണ്- ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജഗനെതിരായ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. അന്വേഷണത്തിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പിതാവുമായ വൈ.എസ്.ആറിന്റെ പേരും വലിച്ചിഴതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എമാരും എം.പിമാരും രാജിഭീഷണി മുഴക്കിയത്. എം.പിമാരും എം.എല്‍.എമാരും യഥാക്രമം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജിവെക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി.സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

ടി.ഡി.പിയില്‍ നിന്ന് രണ്ട് പേര്‍ രാജിസന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എം രാജമോഹന്‍ റെഡ്ഡി, സബ്ബം ഹരി എന്നീ എം.പിമാരാണ് രാജി നല്‍കാന്‍ ഒരുങ്ങുന്നത്. വൈ.എസ്.ആര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് മരണശേഷം അദ്ദേഹത്തിന്റെ പ്രതിഛായ മോശമാക്കാന്‍ എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അമര്‍നാഥ് റെഡ്ഡി പറഞ്ഞു.

ചിരംഞ്ജീവിയോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന 18 എം.എല്‍.എമാരുടെ പിന്തുണയുള്ളതുകൊണ്ട് കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തത്കാലം പ്രതിസന്ധിയുണ്ടാകാനിടയില്ല.