ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളെ കാത്ത് കിടക്കുന്നത് 2,481 കോടി രൂപ. പത്ത് വര്‍ഷത്തിലേറെയായി വിവിധ ബാങ്കുകളിലായി അനാഥമായി കിടക്കുകയാണ് ഇത്രയും തുക. തുക മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ധനകാര്യ സഹമന്ത്രി നാരായണ്‍ മീണയാണ് ഇക്കാര്യം രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Ads By Google

റിസര്‍വ് ബാങ്കാണ് അവകാശികളില്ലാതെ 1.12 കോടി അക്കൗണ്ടുകളിലായി 2481 കോടിയോളം രൂപ കിടക്കുന്നതായി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചത്.

വിവിധ ബാങ്കുകളിലായാണ് തുക കിടക്കുന്നത്. 2011 ലെ ബാങ്കിങ് നിയമഭേദഗതി ബില്ലില്‍ നിക്ഷേപകരുടെ ബോധവത്കരണത്തിനായി രൂപീകരിച്ച ഫണ്ടിലേക്കാവും ഈ തുകകള്‍ മാറ്റുക. മൂന്ന് മാസത്തിനുള്ളില്‍ തുക പുതിയ ഫണ്ടിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിക്ഷേപകരുടെ താത്പര്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ക്കും റിസര്‍വ് ബാങ്കിന്റെ പദ്ധതികള്‍ക്കുമായിരിക്കും പുതിയ ഫണ്ട് ഉപയോഗിക്കുക. അതേസമയം, തുകയുടെ ഉടമസ്ഥര്‍ തിരിച്ചുവന്നാല്‍ അവര്‍ക്ക് പണം ലഭിക്കുന്നതിനും ഇടപാടുകള്‍ പുന:സ്ഥാപിക്കുന്നതിനും തടസ്സമില്ലെന്നും മന്ത്രി അറിയിച്ചു.