ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ മലയോരപ്രദേശമായ യുനാന്‍ പ്രവിശ്യയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 23 പേര്‍ മരിച്ചു. 69 പേരെ കാണാതായിട്ടുണ്ട്. 11 പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച പുറത്തെടുത്തു. കാണാതായവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10,000 യുവാന്‍ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗന്‍സു പ്രവിശ്യയില്‍ രണ്ടാഴ്ച മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ 1434 പേര്‍ മരിക്കുകയും 331 പേരെ കാണാതാവുകയും ചെയ്തിരുന്നു. അതിനിടെ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ലിയോണിങ് പ്രവിശ്യയില്‍ നിന്നും 64,000 പേരെ മാറ്റിപാര്‍പ്പിച്ചു.