ശ്രീനഗര്‍: വടക്കന്‍ കാശ്മീരില്‍ വിവിധ കുഴിമാടങ്ങളിലായി കണ്ടെത്തിയ 2,156ഓളം അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോദനക്ക് വിധേയമാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് സയ്യിദ് ബഷിറുദ്ദീന്‍, ജാവേദ് അഹമ്മദ് കാവൂസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഡി.എന്‍.എ പരിശോധന, ഫിംഗര്‍ പ്രിന്റ്, കാര്‍ബണ്‍ ഡേറ്റിംഗ്, ശാരീരിക പ്രത്യേകതകള്‍, ഡെന്റല്‍ പരിശോധന, ഫോറന്‍സിക് പരിശോധനകള്‍ തുടങ്ങി സാദ്ധ്യമായ എല്ലാ നൂതന ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ശവശരീരങ്ങള്‍ തിരിച്ചറിയാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ജമ്മു കാശ്മീരില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്ത 38 സ്ഥലങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്.

തീവ്രവാദം ശക്തമാകുകയും അടിച്ചമര്‍ത്തലിന് സൈന്യം നിയോഗിക്കപ്പെടുകയും ചെയ്തതിനു ശേഷം ആയിരക്കണക്കിന് യുവാക്കളെ കാശ്മീരില്‍ നിന്ന് കാണാതായിതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1990ന് ശേഷം ആയിരകണക്കിന് ആളുകളെ കാണാതായതായി മനുഷ്യാവകാശ പ്രവര്‍ത്തകരും വാദിച്ചിരുന്നു. എന്നാല്‍ 1,200 ആളുകളെയേ കാണാതായിട്ടുള്ളു എന്നായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദം.

കണ്ടെത്തിയ മൃതദേഹങ്ങളില്‍ അധികവും യുവാക്കളുടേതാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജ്ഞാതരായ തീവ്രവാദികളാണിവരൊക്കെയെന്നായിരുന്നു പോലീസും സൈന്യവും അവകാശപ്പെട്ടത്. എന്നാല്‍ ഇവരില്‍ 574 പേര്‍ പ്രദേശവാസികളായ സാധാരണക്കാരായിരുന്നുവെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങളുടെ ശേഷഭാഗങ്ങള്‍ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാണ് ഇവരെ. കാണാതായവരില്‍ ഭുരിഭാഗം പേരയും സൈന്യം കൊന്നൊടുക്കിയതാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഡി.എന്‍.എ അടക്കമുള്ള നൂതന പരിശോധനകളിലൂടെ കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്തവരില്‍ കാണാതായ തദ്ദേശ വാസികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകും. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാല്‍ നരഹത്യക്ക് കേസെടുത്ത നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.