പിറവം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ 19 സ്ഥലങ്ങളിലായി 21 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഈ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ക്യാമറയില്‍ പകര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതില്‍ 15 ലേറെ ബൂത്തുകളിലെ പോളിങ്ങ് തത്സമയം വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യും.

പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കനത്ത സുരക്ഷ വേണമെന്നും പോലീസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ബൂത്തുകള്‍ ഒരുക്കിയിട്ടുള്ള നാലിടങ്ങള്‍ അതീവ പ്രശ്‌ന സാധ്യതാ പ്രദേശങ്ങളാണ്. മാര്‍ച്ച് 17നാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഉപതിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മൊത്തം 16 പത്രികകളില്‍ ആറെണ്ണം പരിശോധനയ്ക്കുശേഷം തള്ളി. ഇതോടെ പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. നാളെ വൈകീട്ട് വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഇതിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

സലിം, അനൂപ് ജേക്കബ് പള്ളിത്താഴത്ത്, ആര്‍ അനില്‍കുമാര്‍, എബ്രഹാം, കെ.ജി രാജശേഖരന്‍, കെ പത്മരാജന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ആനി ജേക്കബ്, കൃഷ്ണന്‍ കുട്ടി, അരുന്ധതി, സുരേഷ് എന്‍.ടി, സലിം, ബിന്ദു ഹരിദാസ്, രാജഗോപാലന്‍ നായര്‍, എം.ജെ ജേക്കബ്, അനുപ് ജേക്കബ, വര്‍ഗീസ് പി. ചെറിയാന്‍ എന്നീ സ്ഥാനാര്‍ത്ഥികളാണ് സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരരംഗത്തുള്ളത്.

Malayalam news

Kerala news in English