Categories

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാകാന്‍ പരിശ്രമിക്കണം: ദലൈലാമ

വര്‍ക്കല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് സമാധാനത്തിന്റേതാക്കാന്‍ പരിശ്രമിക്കണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. 80ാമത് ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Ads By Google

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടുണ്ട്. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശത്തിനാണ് കാരണമാകുന്നത്. ആണവായുധങ്ങള്‍ മനുഷ്യജീവിതത്തിന് നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലുമുണ്ടായെന്നും ദലൈലാമ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ട് സംഘര്‍ഷഭരിതവും രക്തച്ചൊരിച്ചിലുകളുടേതുമായിരുന്നു. ഈ നൂറ്റാണ്ട് അങ്ങനെയല്ലാതാക്കാന്‍ എല്ലാവരും പരിശ്രമിക്കണം. യുദ്ധങ്ങളിലും മറ്റും കൊല്ലപ്പെടുന്നത് നിരപാധികളാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.15 ഓടെ ശിവഗിരിയിലെത്തിയ ദലൈലാമ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. സമാധാനത്തിനുള്ള നോബല്‍ ജേതാവായ ദലൈലാമ സമാധാനത്തിന്റെ സന്ദേശമായി വൃക്ഷത്തൈയും നട്ടു.

ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ ലോകത്തിന് മാതൃകയാകണമെന്നും അനുകമ്പയില്‍ സമാധാനം പുലരണമെന്നും ദലൈലാമ പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബാക്കിയുള്ള 88 വര്‍ഷങ്ങള്‍ സമാധാനത്തിനായി മാറ്റിവെക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സ്വാമി ഋതംബരാനന്ദ, സ്വാമി പരാനന്ദ, മാര്‍ ക്രിസോസ്റ്റം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.