Administrator
Administrator
ലോകകപ്പ് വേദിയായി, വിവാദങ്ങള്‍ തീരുന്നില്ല
Administrator
Saturday 4th December 2010 9:52pm


ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം 2018 ലെയും
2022 ലെയും ലോകകപ്പുകള്‍ക്കുള്ള വേദി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. 2018ല്‍ റഷ്യയും 2022ല്‍ ഏഷ്യയുടെ അഭിമാനമായി ഖത്തറും ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയൊരുക്കും. വോട്ടുവില്‍ക്കല്‍ ആരോപണത്തിലൂടെ തുടങ്ങിയ വിവാദം വേദികള്‍ തിരഞ്ഞെടുത്തതിലൂടെ മുന്നേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ലോകകപ്പ് വേദികള്‍ക്കായുള്ള മല്‍സരം പുരോഗമിക്കുന്നതിനിടെയാണ് തങ്ങളുടെ സംഘടനയിലെ തന്നെ രണ്ട് അംഗങ്ങള്‍ വോട്ടുവില്‍ക്കാനായി കോഴിവാങ്ങിയെന്ന സത്യം ‘ഫിഫ’യെ ഞെട്ടിച്ചത്. നൈജീരിയ, തഹിതി എന്നീ അംഗരാഷ്ട്രങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ബ്രിട്ടിഷ് പത്രമായ ‘സണ്‍ഡേ ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് ഫിഫയുടെ സദാചാര സമിതി ആരോപണം അന്വേഷിക്കുകയും നൈജീരിയയുടെ അമോസ് അഡാമു തഹിതിയുടെ റെനാള്‍ഡ് തെമാരി എന്നിവരെ പുറത്താക്കുകയുമായിരുന്നു. അഡാമുവിനെ മൂന്നുവര്‍ഷത്തേക്കും തെമാരിയെ 12 മാസത്തേക്കുമാണ് പുറത്താക്കിയത്. ഇക്കഴിഞ്ഞ ലോകകപ്പ് വേദി നറുക്കെടുപ്പില്‍ ഈ രണ്ടുരാഷ്ട്രങ്ങളും പങ്കെടുത്തിരുന്നില്ല.

വിവാദങ്ങളെല്ലാം അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെച്ചൊല്ലി പുതിയ കലഹം ഉടലെുടത്തത്. ഖത്തറിന്റെ പണക്കൊഴുപ്പില്‍ ഫിഫയുടെ കണ്ണുമഞ്ഞളിച്ചു എന്ന ആരോപണവുമായി മല്‍സരരംഗത്തുണ്ടായിരുന്ന മറ്റുരാഷ്ട്രങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലോകഫുട്‌ബോള്‍ റാങ്കിംഗില്‍ 113 ാം സ്ഥാനത്തുള്ള ഒരുരാഷ്ട്രത്തിന് എന്തടിസ്ഥാനത്തിലാണ് വേദി അനുവദിച്ചത് എന്ന് അവര്‍ ചോദിക്കുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലാണോ ലോകകപ്പ് ഫുട്‌ബോള്‍ നടക്കേണ്ടതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലേക്കും ഫുട്‌ബോള്‍ വ്യാപിപ്പിക്കണമെന്ന ആശയമാണ് ഖത്തറിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ഫിഫയുടെ വിശദീകരണം.

‘ലോകകപ്പ് ഫുട്‌ബോളിനെ ഫിഫ ഷെയ്ഖുമാര്‍ക്ക് വിറ്റു’ എന്ന തലക്കെട്ടോടെയാണ് ജര്‍മനിയിലെ പ്രമുഖ ദിനപത്രം പുറത്തിറങ്ങിയത്. പണമാണ് ഫിഫ ലോകകപ്പ് വേദികളെ സ്വാധീനിക്കുന്നതെന്ന് കാര്യം ഇതോടെ വ്യക്തമായതായും പത്രം പറയുന്നു. ഫിഫയുടെ തീരുമാനം തന്നെ ഞെട്ടിച്ചതായി ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു.

വേദി ലഭിക്കാനായി കോടികളാണ് ആസ്‌ട്രേലിയ വാരിയെറിഞ്ഞത്. 45 മില്യണ്‍ ഇതിനായിതന്നെ അവര്‍ ചിലവഴിച്ചു. 50,000 ഡോളര്‍ ചിലവഴിച്ച് ഫിഫയുടെ മേധാവിക്കും ഭാര്യക്കും ആഭരണങ്ങള്‍ വാങ്ങി അവരെ സ്വാധീനിക്കാന്‍ വരെ ആസ്‌ട്രേലിയ ശ്രമിച്ചതായി ‘ഹെറാള്‍ഡ് സണ്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇംഗ്ലണ്ടിന് വേദി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ റോജര്‍ ബെര്‍ഡന്‍ രാജിവെച്ചതാണ് വിവാദങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ യോഗ്യതയുള്ളതുകൊണ്ടു തന്നെയാണ് ലോകകപ്പ് വേദി ഖത്തറിലേക്കെത്തിയതെന്ന് ഖത്തറിലുള്ളവര്‍ വിശ്വസിക്കുന്നു. വിദേശരാജ്യങ്ങളുടേത് വെറും ആരോപണമാണെന്നും ലോകകപ്പ് എങ്ങിനെ നടത്തിക്കൊടുക്കാമെന്ന് തങ്ങള്‍ കാണിച്ചുതരാമെന്നും അവര്‍ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു.

രാജ്യത്ത് സുലഭമായുള്ള എണ്ണ നിക്ഷേപത്തെ എങ്ങിനെ വിദേശനാണ്യം നേടുന്നതിനായി ഉപയോഗിക്കാം എന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഖത്തര്‍. ലോകകപ്പ് വേദി ഖത്തറിന് ലഭിച്ചതില്‍ ഏറെ ആഹ്ലാദത്തിലാണ് അവിടെയുള്ള മലയാളികള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. വിദേശരാജ്യങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളി ഖത്തര്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു.

Advertisement