മലപ്പുറം: 2017ലെ നന്തനാര്‍ സാഹിത്യ പുരസ്‌കാരം ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ എന്ന കൃതിക്ക്. 10001 രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം.

വളളുവനാടന്‍ സാംസ്‌കാരിക വേദി , അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പുരസ്‌കാരം സംഘടിപ്പിച്ചത്. ഏപ്രില്‍ 23ന് വൈകുന്നേരം 5ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് സേതു പുരസ്‌കാരം സമ്മാനിക്കും. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

നാല്‍പ്പത് വയസ്സിന് താഴെയുളള യുവ എഴുത്തുകാരുടെ 2014 – 2016 കാലയളവില്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവലുകള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തിന് അര്‍ഹനായ കണ്ണൂര്‍ സ്വദേശിയായ ഷെമി ഇപ്പോള്‍ കുടുംബം സമേതം ദുബൈയിലാണ് താമസം

”അനുഭവത്തിന്റെയും ഭാവനയുടെയും ആത്മാര്‍ത്ഥമായ ഇഴുകിച്ചേരല്‍ ഷെമിയുടെ നോവലിനെ തികച്ചും സമീപ കാല നോവലുകളില്‍ നിന്ന് വേറിട്ടതാക്കുന്നു. ഒരു സാധാരണക്കാരിക്ക് തന്റെ തീവ്ര അനുഭവത്തില്‍ എഴുത്തിന്റെ ഇടങ്ങള്‍ സ്വന്തമാക്കുക എന്നതിന് നല്ല ഉദാഹരണമാണ് ”നടവഴിയിലെ നേരുകള്‍” എന്ന് ജൂറി വിലയിരുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ വളളുവനാടന്‍ സാംസ്‌കാരിക വേദി ചെയര്‍മാന്‍ സതീശന്‍ ആവള, നന്തനാര്‍ സാഹിത്യ പുരസ്‌കാരം ജനറല്‍ കണ്‍വീനര്‍ അഡ്വ:നിഷാദ് അങ്ങാടിപ്പുറം , ഇഖ്ബാല്‍ മങ്കട,ജ്യോതി അനില്‍,സജിത്ത് പെരിന്തല്‍മണ്ണ , രാജീവ് കാലടി, ഉദയന്‍ എറാന്തോട് എന്നിവര്‍ പങ്കെടുത്തു.