ലോസാഞ്ചലസ്: ‘ദി ആര്‍ട്ടിസ്റ്റിന്’ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. ഹോളിവുഡിന്റെ പഴയ കാലഘട്ടം മനോഹരമായി ദൃശ്യവത്കരിച്ച നിശബ്ദ ചിത്രമായ ‘ദി ആര്‍ട്ടിസ്റ്റ്’ അണിയിച്ചൊരുക്കിയ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ‘ദി ആര്‍ട്ടിസ്റ്റ’ിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജീന്‍ ദുജാര്‍ദിന്‍ മികച്ച നടനായി. ‘ദി അയണ്‍ ലേഡി’ എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി.

ലോസ്ആഞ്ചല്‍സിലെ കൊഡാക് തീയറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരവിവരം പ്രഖ്യാപിച്ചത്. 11 നോമിനേഷനുകളുമായെത്തിയ ത്രിഡി ചിത്രം ഹ്യൂഗോയും ‘ ദ ആര്‍ട്ടിസ്റ്റു’മാണ് പുരസ്‌കാരവേദിയില്‍ തിളങ്ങിയത്.

ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം, വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ഹ്യൂഗോ നേടിയിട്ടുള്ളത്. മികച്ച ഛായാഗ്രഹകനായി റോബര്‍ട്ട് റിച്ചാര്‍ഡ്‌സണെ തിരഞ്ഞെടുത്തു. കലാസംവിധായകനുള്ള പുരസ്‌കാരത്തിനു ഡാന്റേ ഫെരേറ്റി അര്‍ഹനായി.

മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് 3ഡി ചലച്ചിത്രമാണ് ഹ്യൂഗോ. ബ്രയാന്‍ സെലസ്‌നിക്കിന്റെ ‘ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

മികച്ച സഹനടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനു അമേരിക്കന്‍ നടിയായ ഒക്ടാവിയ സ്‌പെന്‍സര്‍ അര്‍ഹയായി. ദ ഹെല്‍പ് എന്ന ചിത്രത്തിലെ പ്രകടനമാണ് സ്‌പെന്‍സറെ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്. ബിഗിനേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പനുമ്മര്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി.

ജോര്‍ വെര്‍ബിന്‍സ്‌കി ഒരുക്കിയ ‘റാങ്കോ’യ്ക്കു മികച്ച അനിമേഷന്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി.

Malayalam News

Kerala News In English