എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി കുറയ്ക്കും, ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം സമവായത്തിലൂടെ
എഡിറ്റര്‍
Friday 16th March 2012 11:44am

ന്യൂദല്‍ഹി: ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ ബജറ്റ് പ്രഖ്യാപനം. സബ്‌സിഡി വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിച്ചു. എണ്ണ വളം എന്നിവയ്ക്കാണ് കൂടുതല്‍ സബ്‌സിഡി നല്‍കുന്നത്. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധിച്ചതും സബ്‌സിഡി വര്‍ധിക്കാന്‍ കാരണമായി. സബ്‌സിഡിയുടെ വര്‍ധനവാണ് ധനകമ്മിയും റവന്യൂകമ്മിയും വര്‍ധിക്കാന്‍ ഇടയായതെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. അതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം സബ്‌സിഡി കുറയ്ക്കും. ജി.ഡി.പിയുടെ രണ്ട് ശതമാനമായി സബ്‌സിഡി  നിജപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടിയെടുക്കും. അഴിമതിയും പണപ്പെരുപ്പവും കുറയാന്‍ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രകടനം നിരാശാജനകമാണ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി. രാജ്യം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിതെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

മോശം വ്യാവസായിക വളര്‍ച്ച സാമ്പത്തിക മേഖലയെ പിന്നോട്ടടിച്ചു. കാര്‍ഷിക മേഖലയില്‍ 2.5 ശതമാനം വളര്‍ച്ചയാണുണ്ടായത്.  അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 115 ഡോളര്‍ വരെയുയര്‍ന്നു. ഇന്ധന സബ്‌സിഡി ബില്ലിനെ ഇത് ഏറെ പ്രതികൂലമായി ബാധിച്ചു. പക്ഷെ ആഗോള സാമ്പത്തികരംഗത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സാമ്പത്തിക മേഖല ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.

വ്യാപാരമേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉയര്‍ന്നതായും പ്രണാബ് പറഞ്ഞു. ആദ്യപാദത്തില്‍ കയറ്റുമതിയില്‍ 23 ശതമാനമാണ് വര്‍ധനയുണ്ടായത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 6.9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനും ക്രമേണ സ്ഥിരത കൈവരിക്കാനുമാകും.

ബജറ്റിലെ മറ്റ് നിര്‍ദേശങ്ങള്‍:

കാര്‍ഷിക വായ്പ അഞ്ചേമുക്കാല്‍ ലക്ഷം കോടിയാക്കും

നെല്ല് ഉല്പാദനത്തിന് 400 കോടി, ജലസേനത്തിന് 300 കോടി

കര്‍ഷകര്‍ക്കായി എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ്

8800 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണത്തിന് അനുമതി

വ്യോമയാന മേഖലയ്ക്ക് പ്രത്യേക പാക്കേജ്

വ്യോമ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി

വിദേശ നിക്ഷേപകര്‍ക്ക് ബോണ്ട് മാര്‍ക്കറ്റിംഗ്

കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി സ്വാഭിമാന്‍ പദ്ധതി

അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം കോടി രൂപ. ഇതിന് പൊതു-സ്വകാര്യ പങ്കാളിത്തം വേണം

ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പാക്കാന്‍ ശ്രമിക്കും

മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

ശുദ്ധീകരിച്ച സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി

എല്‍.സി.ഡി, എല്‍.ഇ.ഡി പാനലുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

സേവന നികുതി 12 ശതമാനമായി ഉയര്‍ത്തി

ക്യാന്‍സര്‍, എച്ച്.ഐ.വി മരുന്നുകളുടെ വില കുറയും

സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ സേവനനികുതിയില്‍ നിന്നും ഒഴിവാക്കി

അടിസ്ഥാന എക്‌സൈസ് തീരുവ 12 ശതമാനമാക്കി ഉയര്‍ത്തി

ആഡംബര കാറുകള്‍ക്ക് വിലകൂടും

സേവന നികുതിയിളവ് 17 മേഖലയ്ക്കുമാത്രം

കാര്‍ഷിക വായ്പ അഞ്ചേമുക്കാല്‍ ലക്ഷം കോടി

പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി

വനിതാ സഹായ സംഘങ്ങള്‍ക്ക് 3.5 ലക്ഷംവരെ വായ്പ

ഊര്‍ജ്ജ മേഖലയ്ക്ക് 10,000 കോടി

വ്യോമയാന മേഖലയില്‍ 49% വിദേശനിക്ഷേപം പരിഗണനയില്‍

25 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശ ഇളവ്

 

Malayalam news

Kerala news in English

Advertisement