തിരുവനന്തപുരം: സംസ്ഥനത്തെ ഹയര്‍സെക്കന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.25 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 74.97 ആയിരുന്നു. പെണ്‍ കുട്ടികളുടെ വിജയ ശതമാനം 87.02ഉം, ആണ്‍കുട്ടികളുടേത് 76.61ഉം ആണ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

റെഗുലര്‍ വിഭാഗത്തില്‍ മൊത്തം 276115 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 227112 പേരാണ് വിജയിച്ചത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 78862 വിദ്യാര്‍ഥികളില്‍ 28956 പേരും വിജയിച്ചു. റെഗുലര്‍ സ്‌കൂള്‍ വിഭാഗത്തില്‍ മൊത്തം 2821 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 1962 പേര്‍ പെണ്‍കുട്ടികളും 859 പേര്‍ ആണ്‍കുട്ടികളുമാണ്. 57 സ്‌കൂളുകള്‍ 100% വിജയം കൈവരിച്ചു. 88.93 ശതമാനമാനം നേടി തൃശ്ശൂര്‍ ജില്ലയാണ് വിജയത്തില്‍ മുന്നില്‍. 74.68 ശതമാനം നേടിയ കാസര്‍ക്കോട് ജില്ലയാണ് ഏറ്റവും പിന്നില്‍.

ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത് എറണാകുളത്താണ്; 373 പേര്‍. എ പ്ലസുകാരുടെ എണ്ണത്തില്‍ വയനാടാണ് ഏറ്റവും പിറകില്‍; 48 പേര്‍.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച സ്‌കൂള്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറിയാണ്. 693 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇവിടുത്തെ വിജയശതമാനം 90.47 ആണ്. 591 പേര്‍ പൂക്ഷയെഴുതിയ തിരുവനന്തപുരത്തെ തന്നെ കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 93.23 ശതമാനം വിദ്യാര്‍ഥികളും 548 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്ന മലപ്പുറം പാലേമേട് ഹയര്‍ സെക്കന്‍ഡറിയില്‍ 85.94 ശതമാനം പേരും വിജയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 78.15 ശതമാനം പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായിട്ടുള്ളത്. 10 സ്‌കൂളുകള്‍ 100% വിജയം കരസ്ഥമാക്കി. വൊക്കേഷണല്‍ വിഷയങ്ങള്‍ മാത്രം വിജയിച്ചവര്‍ 90 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 88 ശതമാനമായിരുന്നു. പ്ലസ് ടുവിന്റെ സേ പരീക്ഷ ജൂണ്‍ 20 മുതല്‍ 24 വരെ നടക്കും. മെയ് 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. പുനര്‍മൂല്യനിര്‍ണയത്തിനും മെയ് 30 വരെ അപേക്ഷിക്കാം.