Categories

കണ്ണൂരില്‍ വീണ്ടും ബോബേറ്, രണ്ടിടങ്ങളില്‍ റീപോളിങ്

കണ്ണൂര്‍: ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ കണ്ണൂരില്‍ അങ്ങിങ്ങ് അക്രമം. ജില്ലയില്‍ മൂന്നിടത്ത് നാടന്‍ ബോംബേറുണ്ടായി. പാനൂരിനടുത്ത് മാക്കൂല്‍ പീടിക, മുഴക്കുന്ന് വിളക്കോട്, ആറളം എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

വിളക്കോട് സംഘര്‍ഷമുടലെടുത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ അഞ്ച് പേരെ പിടികൂടി. പയ്യന്നൂരിലെ 36ാം വാര്‍ഡില്‍ വോട്ടിങ് യന്ത്രം തകര്‍ത്ത സംഭവത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ വാര്‍ഡില്‍ പോളിങ് നിര്‍ത്തിവെച്ചിരിക്കയാണ്.

കണ്ണൂര്‍ പട്ടുവത്ത് ഏഴാം വാര്‍ഡില്‍ റീപോളിങ് നടത്താന്‍ തീരുമാനമായി. ഇവിടെ ഒന്ന്,രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ തട്ടിയെടുത്തുവെന്ന യു.ഡി.എഫ് പരാതിയെ തുടര്‍ന്നാണ് റീപോളിങിന് തീരുമാനമായത്. പട്ടുവം സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോടും ഡി.ജി.പിയോടും വിശദീകരണം തേടിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ വാണിമേലില്‍ ചില വാര്‍ഡുകളില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരിക്കയാണ്. പട്ടുവത്തും പയ്യന്നൂരിലും 25ന് വീണ്ടും പോളിങ് നടക്കും.

കണ്ണൂരിലെ കതിരൂരും ചെറുകുന്നത്തും എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷമുണ്ടായി. ചെറുകുന്നത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കതിരൂരില്‍ ബൂത്തിനുള്ളില്‍-എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതെ തുടര്‍ന്ന് രണ്ട് പേരെ പ്രിസൈഡിങ് ഓഫീസര്‍ ബൂത്തിനുള്ളില്‍ നിന്ന് പുറത്താക്കി.

കൂത്ത് പറമ്പില്‍ കോണ്‍ഗ്രസ് ബ്ലോക്ക്് പ്രസിഡന്റിന് മര്‍ദനമേറ്റതായി ആരോപണമുണ്ട്. ബ്ലോക്ക് പ്രസിഡന്റ് സതീശനാണ് മര്‍ദനമേറ്റത്. നീലേശ്വരത്ത് പാലായി വാര്‍ഡില്‍ ഏജന്റുമാരെ തട്ടിക്കൊണ്ട് പോയതായി പരാതിയുണ്ട്. സി.പി.ഐ.എം വിമത സ്ഥാനാര്‍ഥിയുടെ മൂന്ന് ഏജന്റുമാരെ തട്ടിക്കൊണ്ട് പോയതായാണ് പരാതി.

കോഴിക്കോട് കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ കുറ്റിച്ചിറയിലെ നാലാം ബൂത്തില്‍ ഒരു വിഭാഗങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ സംധര്‍ഷമുണ്ടായി. അവശരായവരെ വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്.

തിരുവനന്തപുരം കാഞ്ഞിരംകുളം പഞ്ചായത്തിലെ കഴിവൂര്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയുടെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം.ഇവിടെ 25 ന് വോട്ടെടുപ്പ് നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.