ന്യൂയോര്‍ക്ക്: ലോകകപ്പ് കഴിഞ്ഞു, ആവേശമടങ്ങി. ഇനി അല്‍പ്പം കണക്കുകളിലേക്ക്. സ്‌പെയിന്‍-ഹോളണ്ട് ഫൈനല്‍ മല്‍സരത്തിന് ടി വി പ്രേക്ഷകര്‍ കുറഞ്ഞു എന്നാണ് ‘എമാപ്’ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2006 ല്‍ നടന്ന ഇറ്റലി-ഫ്രാന്‍സ് ഫൈനലിനേക്കാളും 22 ശതമാനം കുറഞ്ഞ പ്രേക്ഷകരേ 2010 ഫൈനലിനുണ്ടായിരുന്നുള്ളൂ.

ലോകത്തെ ആറ് പ്രധാന മെട്രോ നഗരങ്ങളിലെ കണക്കനുസരിച്ച് 1.9 മില്യണ്‍ ആളുകള്‍ 2006 ലെ ലോകകപ്പ് കണ്ടു. എന്നാല്‍ 2010 ഫൈനലില്‍ ഇത് 1.5 മില്യണായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ കളികാണാനായി നീക്കിവയ്ക്കുന്ന സമയം വര്‍ധിച്ചിട്ടുണ്ട്.

അര്‍ജന്റീനയും ജര്‍മനിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ടത്. ഇന്ത്യയില്‍ വെസ്റ്റ് ബംഗാളാണ് പ്രേക്ഷകരുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആസാമും കേരളവുമാണ് തൊട്ടടുത്ത് സ്ഥാനങ്ങളില്‍.