ന്യൂദല്‍ഹി: മികച്ച സിനിമക്കുള്ള 2008ലെ ദേശീയ ചലച്ചിത്ര അക്കാദമി അവാര്‍ഡ് ബംഗാളി സിനിമ അന്തഹീന്‍ അര്‍ഹമായി. മികച്ച സംവിധായകനുള്ള അവാര്‍ഡ് തമിഴ് ചിതമായ നാന്‍ കടവുളിന്റെ സംവിധായകന്‍ ബാലക്കാണ്. മികച്ച നവാഗത ചിത്രമായി എ വെനസ്‌ഡേയെയും മികച്ച നടനായി ഉപേന്ദ്ര ലിമായി(മറാഠെ)യെ തിരഞ്ഞെടുത്തു. പ്രിയങ്ക ചോപ്ര(ഫാഷന്‍)യാണ് മികച്ച നടി. മികച്ച ഗായകന്‍ ഹരിഹരന്‍. മികച്ച ജനപ്രിയ ചിത്രമായി ഒ ലക്കി ലക്കി ഒയേ തിരഞ്ഞെടുത്തു .

മികച്ച സഹനടിയായി കങ്കണ റണ്ണൗട്ടും മികച്ച ഗായിക ശ്രേയാ ഘോഷാലും എഡിറ്ററായി ശ്രീശങ്കര്‍ പ്രസാദും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രമായി തിരക്കഥയും മികച്ച തമിഴ് ചിത്രമായി വാരണം ആയിരവും തിരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ അവാര്‍ഡുകളെല്ലാം കൊണ്ട് പോയത് ഹിന്ദി, ബംഗാളി, മറാഠി സിനിമകളാണ്. പ്രമുഖ അവാര്‍ഡുകളൊന്നും മലയാള സിനിമകള്‍ക്ക് ലഭിച്ചിട്ടില്ല.

അനിരുദ്ധ റോയ് ചൗധരിയാണ് അന്തഹീനിന്റെ സംവിധായകന്‍ . മലയാളചിത്രം ബയോസ്‌കോപ്പിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറാഠി ചിത്രമായ ഗന്ധയിലൂടെ പ്രമോദ് ജെ.തോമസ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് നേടി. ഹിന്ദി ചിത്രമായ ഫിറാകിലെ എഡിറ്റിംഗ് നിര്‍വഹിച്ച ശ്രീകര്‍ പ്രസാദ് മികച്ച എഡിറ്ററായി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം വിനു ചൂളിപ്പറമ്പറില്‍ നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ഗണേഷ് അനന്തറാവത്തറിന്റെ ബോളിവുഡ് മെലഡീസ് തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടന്‍ അര്‍ജുല്‍ റാംപാല്‍, ബാലതാരംഷംസ് പട്ടേല്‍ (താങ്ക്‌സ് മാ, ഹിന്ദി), മികച്ച ഹിന്ദി ചിത്രം റോക്ക് ഓണ്‍, അനിമേഷന്‍ ചിത്രം റോഡ് സൈഡ് റോമിയോ
മികച്ച ചമയം വി.മൂര്‍ത്തി, കുടുംബക്ഷേമചിത്രം ലിറ്റില്‍ ലിജോ (ഗുജറാത്തി), മികച്ച സാമൂഹ്യക്ഷേമചിത്രം ജോഗ്വ (മറാഠി), മികച്ച സ്‌പെഷ്യല്‍ എഫക്ട് മുംബൈ മേരി ജാന്‍, സംഗീതം: അജോയ്, അതുല്‍, തിരക്കഥ : സച്ചിന്‍ കുണ്ഡല്‍കര്‍ (ഗന്ധ മറാഠി), മികച്ച കുട്ടികളുടെ ചിത്രം: ഗുബ്ബാച്ചികളും (കന്നഡ), മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ആയി കോട്‌നയി (ആസാം) എന്നിവയെയും തിരഞ്ഞെടുത്തു.

ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ , നോണ്‍ ഫീച്ചര്‍ഫിലിം ജൂറി അധ്യക്ഷ അരുണാ രാജെ പാട്ടീല്‍, ഫിലിം ഫെസ്റ്റിവല്‍സ് ഡയറക്ടറേറ്റ് മേധാവി എസ് എം ഖാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും മറാഠി ചിത്രങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയെന്നും ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു.